തിരുവനന്തപുരത്തെ മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൂരയ്ക്ക് കീഴിൽ നിന്നും ജീവിതത്തോട് പടപൊരുതി മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കടന്നുവരികയും അവിടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്നയീ മനുഷ്യനെയും അയാളിലെ അസാമാന്യ നടനെയും അടയാളപെടുത്താതെ മലയാള സിനിമയ്ക്ക് ഇനി മുന്നോട്ട് പോവാൻ കഴിയില്ല എന്നുറപ്പാണ്..
ഇന്ദ്രൻസ് എന്ന മനുഷ്യനെയും അയാളിലെ അസാമാന്യ നടനെയും അടയാളപെടുത്താതെ മലയാള സിനിമയ്ക്ക് ഇനി മുന്നോട്ട് പോവാൻ കഴിയില്ല
ഒരുകാലത്ത് മലയാള സിനിമയ്ക്ക് അകത്തും പുറത്തും കൊടക്കമ്പി എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു പരിഹസിച്ചും, ബോഡി ഷെയ്മിങ് നടത്തിയും വേട്ടയാടിയ ഇന്ദ്രൻസ് എന്ന അതുല്യ പ്രതിഭയെക്കുറിച്ച് ARV അഞ്ചൽ മൂവി സ്ട്രീറ്റ്റിൽ എഴുതിയത് വായിക്കാം.
1956 ൽ തിരുവനന്തപുരത്തെ ഒരു മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴിലേക്കാണ് സുരേന്ദ്രൻ എന്നയാൾ ജനിച്ചു വീഴുന്നത്. കടുത്ത പട്ടിണിയും ദാരിദ്ര്യവും വേട്ടയാടിയിരുന്ന ആ ബാല്യം തീരെ നിറമുള്ള നിറമുള്ളതായിരുന്നില്ല. കൃത്യമായി മാറിയിടാൻ യൂണിഫോം പോലുമില്ലാതെ വിശന്നു വലഞ്ഞു സ്കൂളിൽ പോയിരുന്ന സുരേന്ദ്രൻ നാലാം ക്ലാസിൽ വെച്ച് പഠിപ്പ് നിർത്തി പിന്നീട് തുന്നൽ പഠിക്കാൻ തുടങ്ങി.കാലം കടന്നു പോകവേ നാടകങ്ങളിൽ അഭിനയിച്ചും തയ്യൽ പണിയെടുത്തും അയാൾ ജീവിതം മുന്നോട്ട് കൊണ്ട് പോയി.
സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം അയാളെ പിന്നീട് സിനിമയിലെത്തിച്ചു.
തന്റെ 29ആമത്തെ വയസ്സിൽ സമ്മേളനം എന്ന സിനിമയിൽ ആദ്യമായി വസ്ത്രാലങ്കാരം ചെയ്യുമ്പോൾ തന്റെ തയ്യൽകടയുടെ പേര് അയാൾ തന്റെ സ്വന്തം പേരിനോട് ചേർത്ത് വെച്ചു. മലയാളികൾക്ക് ഇന്ന് സുപരിചിതമായ 'ഇന്ദ്രൻസ്' എന്ന പേര് അങ്ങനെ ടൈറ്റിൽ കാർഡിൽ തെളിഞ്ഞു.
പിന്നീട് അങ്ങോട്ട് പത്മരാജന്റെത് ഉൾപ്പെടെ ഒട്ടനവധി സിനിമകളിൽ ഇന്ദ്രൻസ് വസ്ത്രാലങ്കാരം നിർവഹിക്കുകയും ആ മേഖലയിൽ മാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്ന ഇന്ദ്രൻസ് കാലത്തിന്റെ നിയോഗം പോലെ അഭിനയ മേഖലയിലേക്ക് കൂടി കാലെടുത്തു വെച്ചു.കോമഡി കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് എന്ന നടൻ പതിയെ പതിയെ മലയാളികൾക്ക് സ്വീകാര്യനായി മാറി.
മിക്ക സിനിമകളിലും നായകന്റെ വാലായയും മറ്റും സ്‌ക്രീനിൽ പ്രത്യക്ഷപെട്ടിരുന്ന ഇന്ദ്രൻസ് തന്റെ ശരീരത്തിന്റെ പേരിൽ സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ കളിയാക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് അയാളെ 'കുടകമ്പി' എന്ന് വിളിച്ചിരുന്നവർ എണ്ണത്തിൽ കുറവൊന്നുമല്ലായിരുന്നു എന്നത് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം..
അവിടെ നിന്നുള്ള അയാളുടെ യാത്രയെ അയാൾ തന്നെ വിളിക്കുന്നത് ഒരു 'ലോകാത്ഭുതം' എന്നാണ്. പക്ഷേ എന്നെ സംബന്ധിച്ച് ആ അത്ഭുതം പോലും അയാൾ പ്രതിസന്ധികളോട് പൊരുതി ഉണ്ടാക്കിയെടുത്തതാണ്. ഒരു ഹാസ്യതാരം എന്നതിനപ്പുറം കൂടി അയാളെ ഉപയോഗിക്കാൻ കഴിയും എന്നയാൾ ആദ്യമായി ബോധ്യപ്പെടുത്തിയത് കഥവശേഷനിലെ കള്ളൻ വാസുവിലൂടെയായിരുന്നു..
അതുവരെ സ്‌ക്രീനിൽ വന്നപ്പോഴെല്ലാം ചിരി സമ്മാനിച്ചിരുന്ന ഇന്ദ്രൻസ് അന്ന് നമ്മളെ കരയിച്ചു...
അയാൾ പിന്നെയും പലതവണ സ്‌ക്രീനിൽ നമ്മളെ കരയിക്കുകയും ചിരിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്തു..
മെലിഞ്ഞുണങ്ങിയ ശരീരത്തെ കുടകമ്പി എന്ന് വിളിച്ചു കളിയാക്കിയപ്പോഴും ആ ശരീരം കൊണ്ട് വീണ്ടും വീണ്ടും വിജയിച്ചു കാണിച്ച അയാൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം പറഞ്ഞത് "കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം" എന്നായിരുന്നു...
കുറഞ്ഞ വാക്കുകൾ കൊണ്ട് അയാൾ പറഞ്ഞത് വലിയൊരു രാഷ്ട്രീയമായിരുന്നു...
പിന്നീട് സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടന്റെ പേരായി പ്രഖ്യാപിക്കപെട്ടതും ഒരുനാൾ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് അനുഭവിച്ചിരുന്ന സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് എന്നയീ മനുഷ്യനെയാണ്....!!
ഇത്രയും നാളായി മലയാള സിനിമയുടെ കണ്ണിൽ പോലും കാണാത്ത ഇന്ദ്രൻസ് എന്ന വെയിൽമരം ലോകസിനിമ ചരിത്രത്തിന് മുന്നിൽ മലയാളികളുടെ തണലായി മാറുന്ന കാഴ്ച്ചയാണ് ദാ നമ്മളിപ്പോൾ മാലിക്കിൽ വരെ കണ്ടുകൊണ്ടിരിക്കുന്നത്..
നിഷ്കളങ്കമായി ചിരിക്കുകയും കണ്ടു മുട്ടുന്ന ഏതൊരു മനുഷ്യരോടും അത്രയും അനുഭാവപൂർവ്വം ഇടപഴകുകയും ചെയ്യുന്ന ഇന്ദ്രൻസ് എന്നയീ മനുഷ്യനെയും അയാളിലെ അസാമാന്യ നടനെയും അടയാളപെടുത്താതെ മലയാള സിനിമയ്ക്ക് ഇനി മുന്നോട്ട് പോവാൻ കഴിയില്ല എന്നുറപ്പാണ്..