ശരീരം മുഴുവൻ വിറയ്ക്കുന്ന രോഗവുമായി നടക്കുന്ന യുവാവിന്റെ കൈകളിൽ പിറക്കുന്നത് ആരോഗ്യവാന്മാരെയും, കഴിവുറ്റ എൻജിനീയർമാരെയും വരെ വെല്ലുവിളിക്കാൻ പാകത്തിനുള്ള അതുല്യ കലാസൃഷ്ടികൾ.
ശരീരം മുഴുവൻ വിറയ്ക്കുന്ന രോഗവുമായി വിധിയെ തോൽപ്പിച്ച കലാകാരൻ.
പലതവണ കണ്ടാൽപോലും ഒരു വാഹനത്തിന്റെ മോഡൽ നിർമ്മിക്കാനോ, ചിത്രം വരയ്ക്കാനോ പോലും ശാരീരികക്ഷമതയുള്ള പലർക്കും സാധിക്കാറില്ല. എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാൾക്ക് പോലും മികച്ച നിർമ്മിതികൾ ഉണ്ടാക്കുക ഏറെക്കുറെ ശ്രമകരമാണ്. ഇക്കാരണങ്ങളാലൊക്കെയാണ് കലാവാസന ജന്മസിദ്ധമാണെന്ന് പൊതുവെ പറയുന്നത്.
എന്തൊക്കെ കഴിവുകൾ ഉണ്ടായിട്ടും അവയൊന്നും പ്രയോജനപ്പെടുത്താതെ എന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ല എന്നുകരുതി വിഷമിച്ചിരുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്ക് മുന്നിൽ തന്നെ പിന്നോട്ട് വലിക്കാൻ സാധ്യതയുള്ള ഒന്നിലും കൂസാതെ എറണാകുളം സ്വദേശിയായ ഷിജി എന്ന അതുല്യ കലാകാരൻ വെത്യസ്തനാവുകയാണ്.
ശരിയായ ശാരീരികക്ഷമതയോ എൻജിനീയറിങ് വിദ്യാഭ്യാസമോ ഒന്നുമില്ലാതെ, സദാസമയവും വിറയ്ക്കുന്ന കൈകൾ കൊണ്ട് ഈ യുവാവ് നിർമ്മിക്കുന്ന കലാസൃഷ്ടികൾ ഏവരെയും അമ്പരപ്പിക്കുക മാത്രമല്ല ഒന്ന് ഇരുത്തി ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നതാണ്.
വെറും നിർമ്മിതികളല്ല, ലോകത്ത് ഇന്നേവരെ ഇല്ലാത്ത വിധത്തിലുള്ള നൂതന ആശയങ്ങളാണ് കാർട്ടൂൺ ബോക്സുകളിൽ ഈ യുവാവ് നിർമ്മിക്കുന്നത്. ഇവയിൽ കൊച്ചി മെട്രോക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 7 പേർക്ക് സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷ, ഹൈഡ്രോളിക് പൊക്ലിൻ, ഇരുനില ബസ്സ്, മുതൽ ഇന്ത്യൻ നേവിക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഐ.എൻ.എസ് ഇന്ത്യ എന്ന അപൂർവ്വയിനം പടക്കപ്പൽ വരെയുണ്ട്.
പേരെടുത്ത ഒരു ഇൻസ്റ്റിറ്റ്യൂഷനിലും പഠിച്ചിട്ടില്ലാത്ത ഇദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു, "ഇതൊന്നും ഞാൻ എവിടെയും കണ്ടിട്ട് ഉണ്ടാക്കുന്നതല്ല, മനസിൽ തോന്നുന്നത് പോലെ അങ്ങ് ചെയ്യുന്നതാണ്." കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് ഈ കലാസൃഷ്ടികളുടെ നിർമ്മാണം. ചേട്ടന്മാരാണ് ആദ്യമായി ഇതുപോലുള്ള വർക്കുകൾ ചെയ്യാൻ പഠിപ്പിച്ചത്, ഷിജി പറയുന്നു.
മോളിവുഡ് കണക്റ്റ് എന്ന ഫേസ്ബുക്ക് പേജാണ് ഷിജി എന്ന കലാകാരനെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എഞ്ചിനീയറിംഗ് പഠിക്കാത്ത മികച്ചൊരു എഞ്ചിനീയർ, നല്ല ആരോഗ്യമുണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയില്ല എന്നു ചിന്തിച്ചിരിക്കുന്ന ആളുകൾക്ക് ഈ ചെറുപ്പക്കാരൻ ഒരു മാതൃകയാണ്, രോഗം ശരീരത്തിന്റെ ബലം നഷ്ടപ്പെടുത്തിയെങ്കിലും തന്റെ ഭാവനയിൽ എല്ലാം സൃഷ്ടിച്ചെടുക്കുന്ന ശിൽപ്പി എന്നിങ്ങനെ പോകുന്നു വിഡിയോക്ക് ലഭിച്ച കമന്റുകൾ.
ബോഡി വർക്ക്ഷോപ്പിൽ 8 വർഷത്തോളം ജോലി ചെയ്തിരുന്ന ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ആ ജോലി ഉപേക്ഷിച്ച് ലോട്ടറി വിൽപ്പന നടത്തി വരികയായിരുന്നു. അതിനിടയിൽ ഇപ്പോൾ കൊറോണ കാരണം ആ ജോലിയും ബുദ്ധിമുട്ടിലാണ്.
കുട്ടിക്കാലത്ത് ടൈഫോയ്ഡ് മൂലമുള്ള പനി വന്നാണ് ശരീരം ഇങ്ങനെ വിറയ്ക്കാൻ തുടങ്ങിയതെന്ന് പറയുമ്പോഴും ജീവിതത്തിൽ എല്ലാം നേടിയ മനുഷ്യനെപ്പോലെയുള്ള സന്തോഷവും ആത്മവിശ്വാസവും ഈ ചെറുപ്പക്കാരന്റെ മുഖത്ത് പ്രകടമാണ്. അത് തന്നെയാണ് ഈ യുവാവിന്റെ ജീവിതവിജയവും.
ഷിജി യുടെ ആർട്ട് വർക്കുകൾ ആവശ്യമുള്ളവർക്ക് ഈ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. കാക്കനാട്, അത്താണി ഭാഗത്ത് എത്തി ലോട്ടറി ഷിജി എന്നോ, ആർട്ടിസ്റ്റ് ഷിജി എന്നോ ചോദിച്ചാൽ ആരും പറഞ്ഞുതരുമെന്ന് ഇദ്ദേഹം പറയുന്നു.
മേൽവിലാസം: ഷിജി കെ. ജി, കാക്കനാട്, അത്താണി, എറണാകുളം ജില്ല. മൊബൈൽ നമ്പർ: 9746848816